പഞ്ചിംഗ് 6

കെ.സുദർശനൻ

വാർദ്ധക്യം ഒരു കുറ്റമാണോ?



ഭീതി എട്ടുതരം ഉണ്ടെന്നാണ് പറയുന്നത്? പരാജയഭീതി, മരണഭീതി, അപവാദഭീതി, പീഡനഭീതി, രോഗഭീതി, അങ്ങനെ എട്ടുതരം ഭീതികൾ. മർദ്ദനഭീതി ഉൾപ്പെടെ.
ഇതിലൊന്നും പെടാത്ത ഒരു ഭീതിയെക്കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. വാർദ്ധക്യഭീതി!
എല്ലാവർക്കും ‘ദേവനെ’പ്പോലെ എന്നും തുടുത്തു ചെമന്ന് ‘കാശ്മീർ ആപ്പിൾ’ ആയി കഴിയണം. ദേവലോകത്തെ ദേവന്റെ കാര്യമാണ് ഞാനുദ്ദേശിച്ചത്. അവർക്ക് വാർദ്ധക്യമോ മരണമോ ഒന്നും ഇല്ലല്ലോ? നിത്യകല്യാണ വീരന്മാരല്ലേ എല്ലാം.
വില്ലന്മാർ തന്നെ!
പറയാതിരിക്കാൻ വയ്യ.
പാലാഴിവരെ കടഞ്ഞ് മരുന്നെടുത്തവരല്ലേ. അത് കഴിച്ചല്ലേ ഇങ്ങനെ എന്നും ഒന്നുപോലെ ഇരിക്കുന്നത്.
നമ്മുടെ ആൾക്കാർക്ക് കടയാനും കുടയാനും ഒന്നും നേരമില്ല. ആരെങ്കിലും കടഞ്ഞുകൊണ്ടു കൊടുക്കാമെങ്കിൽ എടുത്തോളും. ചോദിക്കുന്ന വിലയും കൊടുത്തോളും.
എന്തിനാ?
ഭൂമിയിലെ ദേവന്മാരാകാൻ!
എന്നാൽ കൈയിലിരിപ്പോ? അസുരന്മാരുടേയും!
അതെ. വാർദ്ധക്യത്തെ പേടിയാണ് പലർക്കും. പേടിയും അല്ല. ഒരുതരം അലർജി.
നമ്മുടെ ആൾക്കാർക്കേ ഉള്ളൂ ഇത്രയും വൈരാഗ്യം വാർദ്ധക്യത്തോട്. ഇനി വല്ല ആന്റീ വാർദ്ധക്യ വൈറസും വന്നു കേറിയോ എന്തോ?
വിദേശങ്ങളിലൊന്നും വാർദ്ധക്യം ഒരു വിഷയമേ അല്ല. അതൊരു അലങ്കാരമാണ് അവർക്ക്, വിവേകത്തിന്റെ പ്രതീകമാണ്. ഒരു സായിപ്പ് പറഞ്ഞതുകേൾക്കണോ?
“വീ ഡോണ്ട് വാണ്ട് ടു ‘ഡൈ’ ഈവൻ ദോ വീ ആർ ടൂ ഓൾഡ്.”
ങും! വയസ്സായെങ്കിലും മരിക്കാൻ ഇഷ്ടമല്ലെന്ന്!
അങ്ങനെയാണ് ഇവിടത്തെ ചില വിദ്വാന്മാർ ഗ്രഹിച്ചെടുത്തത്.
പക്ഷേ, സായിപ്പ് ഉദ്ദേശിച്ചത് വേറെ.
പ്രായം ആയെന്നുവച്ച് നിങ്ങളെപ്പോലെ ‘പെയിന്റ് ചെയ്യാൻ’ ഞങ്ങൾക്ക് താല്പര്യമില്ല.
കളിയാക്കിയതാ നമ്മളെ!
പുള്ളിക്കാരൻ ഉദ്ദേശിച്ച ഡൈ, ആഴ്ചതോറും നമ്മൾ തലയിലടിക്കുന്ന ബ്ളാക് ഡൈ!
എന്തുൽസാഹമാണെന്നറിയാമോ ആളുകൾക്ക്! ഞായറാഴ്ച ആകാൻ കാത്തിരിക്കയല്ലേ. ഡൈ അടിച്ചോളാൻ.
‘ഡൈ’ ചെയ്യുന്നതുവരെ ഡൈ ചെയ്യുന്നവരാണ് നമ്മൾ.
ചില ഭവനങ്ങളിൽ ഭാര്യയും ഭർത്താവും മത്സരിച്ചാണ് ഡൈ ചെയ്യുന്നത്. ഒരിക്കൽ സമ്പൂർണ്ണ കഷണ്ടിയായ ഒരു ഭർത്താവ് ഡൈ ചെയ്തുകൊണ്ടിരിക്കെ ഭാര്യ ചോദിച്ചു:
“എന്തിനാ മനുഷ്യാ, ആ ഡൈയെ ഇങ്ങനെ മിനക്കെടുത്തുന്നത്?”
ഭർത്താവിന് പെട്ടെന്ന് ദേഷ്യം പിടിച്ചു.
“എടീ ആവശ്യമില്ലാത്ത കാര്യങ്ങളിൽ മേലാൽ ഇടപെടരുത്. നീ ചിലതൊക്കെ വാങ്ങിച്ചു കൊണ്ടുവരുമ്പോൾ തിരിച്ച് ഞാൻ ഇതുപോലെ വല്ലതും ചോദിച്ചിട്ടുണ്ടോ?”
ആ ഭാര്യയുടെ നാക്ക് പിന്നെ രണ്ടുദിവസത്തേക്ക് ചലച്ചിട്ടില്ല. പോയി അങ്ങ് കിടന്നുകളഞ്ഞു.
പരസ്പരം സഹകരിച്ച് ഡൈ ചെയ്യുന്ന കുടുംബങ്ങളുമുണ്ട്. അതിന്റെ ‘ഐശര്യം’രണ്ടുപേരുടെയും തലയിൽ നമുക്ക് കാണാനും പറ്റും.
എങ്കിലും മനുഷ്യരല്ലേ,
ചില ആഴ്ച കണക്കുകൂട്ടലുകളെല്ലാം തെറ്റിപ്പോകും.
പിറ്റേന്ന് ഓഫീസിൽ ചെല്ലുമ്പോൾ ആൾക്കാര് ചോദിക്കാൻ തുടങ്ങും.
“മേഡം ഇന്നല സാറുമായിട്ട് പിണങ്ങിയോ?”
അല്ലെങ്കിൽ.
“സാറ് ഇന്നലെ മേഡത്തോട് ഒടക്കിയോ?”
“ങും, എങ്ങനെ മനസ്സിലായി!”
“തലേടെ പിറകുവശം കണ്ടപ്പോൾ മനസ്സിലായി.”
ശരിയാ. സ്വന്തമായിട്ട് വാരിത്തേക്കുമ്പോൾ, എല്ലായിടത്തും കൈ എത്തിയെന്നുവരുമോ?
ആയകാലത്ത് പ്രതാപത്തോടെ കഴിഞ്ഞിട്ട് അവസാനകാലം കണ്ട അണ്ടന്റേം അടകോടന്റേം അണ്ടറിൽ തെണ്ടിയായി ജീവിക്കേണ്ടിവരുന്ന ചില ജന്മങ്ങളുണ്ട്.
അതിലൊന്നാണ് പാവം ടൂത്ത് ബ്രഷിന്റേത്.
ഒരു സ്റ്റേജുകഴിഞ്ഞാൽ പലരും പിന്നെ ബ്രഷ് ഉപയോഗിക്കുന്നത് ഈ ‘കരി ഓയിൽ’ അടിക്കാനാ! കഷ്ടം…!
പെട്ടെന്ന് ആശുപത്രിയിൽ പെട്ടുപോകുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ?
വല്ലാത്ത ടെൻഷനായിരിക്കും അവർക്ക്.
രോഗത്തെക്കുറിച്ചുള്ള ടെൻഷനല്ല.
മറ്റന്നാളാകുമ്പോൾ നെറ്റിയിലേം മറ്റും ‘കള്ളം’ വെളിയിലാകുമല്ലോ എന്നുള്ള ആധിയാ.
അടുത്തതിന്റെയടുത്ത വെള്ളിയാഴ്ചയേ ഡിസ്ചാർജ് വാങ്ങി പോകാൻ പറ്റൂ.
അപ്പോഴേക്കും ‘കള്ളി’ എല്ലാം ‘വെള്ളി’യാവും.
അകത്ത് ഐ.സി മുറിയിൽ സർവ്വാംഗം ട്യൂബുമായിട്ട് കിടക്കുന്നവരില്ലേ. രണ്ടു തവണ ആലോചിച്ചിട്ടാണ് ഒരുതവണ അവര് ശ്വാസമെടുക്കുന്നത്. എന്നാലും മെയിൻ ടെൻഷൻ വേറെയാ.
“ഓ, എല്ലാം വെളുത്തായിരിക്കും!”
വ്യാധികൾ വരുത്തുന്ന ഓരോ ആധികളേ...
ആരംഭത്തിൽ ആരും കേറിയങ്ങ് ഡൈ ചെയ്യില്ല.
ഒരു ഘട്ടം വരെ വെട്ടിവിടലാണ്. ബ്രൂട്ടൽ എഡിറ്റിംഗ്! കൂട്ടത്തിൽ മൂടോടെ തട്ടുന്നവരുമുണ്ട്.
കള പറിക്കുന്നതു പോലെ!
കുറേകഴിയുമ്പോൾ ‘കള’യങ്ങ് നിറയും കളം മുഴുവൻ.
അപ്പോഴാണ് ‘ഡൈ ഡൈഡൈ തോ…’ എന്നും പറഞ്ഞിറങ്ങുന്നത്.
ദോഷം പറയരുത്.
അവനവന്റെ ഗതിക്കനുസരിച്ചുള്ള സാധനമുണ്ട് കടയിൽ.
അഞ്ചുരൂപയ്ക്കും കിട്ടും. അയ്യായിരത്തിനും കിട്ടും.
പക്ഷേ എല്ലാം കൊണ്ടിട്ട് കിളയ്‌ക്കുന്നത് ഒരിടത്തു തന്നെ.
ക്ഷമ പഠിക്കാൻ ഇതുപോലെ പറ്റിയ ഒരു പണി വേറെയില്ല. സംഭവം 'ഡൈ' ആണല്ലോ.
അതിന് മുടിയെന്നോ മൂക്കെന്നോ വല്ലതും ഉണ്ടോ?
എവിടെ ടച്ചു ചെയ്താലും ഉടനേ വർക്ക് തുടങ്ങും.
അതുകൊണ്ട് സൂക്ഷിച്ചുവേണം ബ്രഷും കൊണ്ടുചെല്ലാൻ.
ചില വിദഗ്ദ്ധൻമാർ ആദ്യം തോർത്തുകൊണ്ടാരു കസർത്തുണ്ട്.
ഒന്ന് കഴുത്തുവഴി അങ്ങ് ചാർത്തും.
ചെവികൾ മൂടാൻ രണ്ട് തോർത്ത് വേറെ.
നെറ്റി മുതൽ കരണക്കുറ്റിവരെ വേറൊന്ന്. അല്ലാതെന്തു ചെയ്യും?
ഫാനും മിക്സിയും ഒന്നും അല്ലല്ലോ, പാർട്ട്‌സ് എല്ലാം ഇളക്കിമാറ്റിയിട്ട് പെയിന്റ് ചെയ്യാൻ.
എന്നിട്ടോ?
ഒന്നരമണിക്കൂർ അങ്ങനെ ഇട്ടേക്കണം.
ഊറിപ്പിടിക്കാൻ!
അതുകഴിഞ്ഞേ കഴുകാവൂ.
കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചും വരുംകാല ജീവിതത്തെക്കുറിച്ചുമൊക്കെ ആളുകൾ ചിന്തിക്കുന്നത് ഈ നേരത്താ!
ചില ‘വെപ്രാള’ക്കാരുണ്ട്. ഏത് കാര്യവും വെപ്രാളപ്പെട്ടേ ചെയ്‌യ്യു. അവര് തോർത്തിടാനൊന്നും സമയം കളയില്ല.
എടുത്തൊരു പ്രയോഗമാണ്. അങ്ങനെയുള്ളവരാണ് പിറ്റേന്ന് ‘മൊത്തം’ കറുത്തിരിക്കുന്നത്. വിശേഷിച്ചും ചെവിയും ചെന്നിയും ഒക്കെ.
നമ്മുടെ ആൾക്കാരെ സമ്മതിക്കണം. അവർ തലയിൽ എന്തും തേയ്‌ക്കും. ഏതും പരീക്ഷിച്ചു നോക്കും. ഒരു പേടിയുമില്ല.
കേടാകാൻ ‘അകത്ത്’ ഒന്നും ഇല്ലാത്തതുകൊണ്ടായിരിക്കാം.
പക്ഷേ, മുഖത്ത് തൊട്ടുകളിക്കില്ല.
അതിന് വേറെ ആളിനെ നോക്കണം.
പള്ളി വേറ, പാതിരിവേറെ.
തന്ത വേറെ, പയ്യൻ വേറെ!
അതുകൊണ്ട് മീശയിലൊന്നും തൊട്ടുകളിക്കില്ല.
അഥവാ കളിച്ചാലും, ഒൺലി പെൻസിൽ ടച്ച്.
സദാ പോക്കറ്റിൽ കാണും ഒരെണ്ണം…!
സൗകര്യം കിട്ടുമ്പോഴെല്ലാം ഒരു ടച്ചിംഗ്, തീർന്നു.
മീശ ഫ്രഷ്!
അങ്ങനെയല്ലേ രണ്ടരയിഞ്ചു വീതിക്ക് പണ്ട് മീശയും കൊണ്ടുനടന്ന പലരും പിന്നീട് ലൈൻ മീശയാക്കിക്കളഞ്ഞത്.
ഇതാകുമ്പോൾ കൈയിൽ നിൽക്കും!
പണ്ടാരു പരസ്യം വന്നു പ്രത്രത്തിൽ. ഒരു ‘ഗുളം’, ഒരു തവണ ഉപയോഗിച്ചാൽ മതി. മാറിയിരിക്കും നര.
ഒടുവിൽ ഒരു വെടിക്ക് രണ്ടുപക്ഷിയായിരുന്നു.
നരയും മാറി.
മുടിയും മാറി.
അല്ല, മുടി ഉണ്ടായിട്ടാണല്ലോ. നര ഉണ്ടാവുന്നത്.
അതുകൊണ്ട് ‘രോഗത്തെ’ മൂടോടെ പിഴുതങ്ങെറിഞ്ഞു.
നല്ല വൈദ്യൻ!
സ്ഥിരമായിട്ട് ‘ഡൈ’ ചെയ്യുന്നവർക്ക് അങ്ങോട്ടങ്ങോട്ട് ചെയ്യേണ്ടി വരില്ലെന്നാണ് പറയുന്നത്. മുടികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്തുകളയുമത്രെ!
പിന്നെ ചില പാപികളുണ്ട്.
എവിടെച്ചെന്നാലും പാതാളമായിരിക്കും. അവർക്ക് ഡൈ പിടിക്കൂല്ല.
പിറ്റേന്ന് മുതൽ തുമ്മലായി.
പിന്നെ ഊരലായി.
അവസാനം കടിയായി.
തുടർന്ന് സ്‌കാനിംഗായി. ഒടുവിൽ ഡോക്ടർ പറയും.
നമ്മൾ പേടിച്ചതൊന്നുമല്ല.
അലർജിയാ.
ഡൈ അലർജി!
അവരാണ് ഇന്ന് ഭൂമി മലയാളത്തിൽ അവശേഷിക്കുന്ന ‘നരയന്മാർ.’
ഡൈ ചെയ്യുന്നത് ഒരു കുറ്റമാണോ?
ആധുനിക ലോകമനസ്സാക്ഷിയുടെ നേർക്ക് ഞാൻ ഒരു ചോദ്യമുയർത്തുകയാണ്.
ദാരിദ്ര്യം ഒരു കുറ്റമാണോ എന്ന് പണ്ട് ദസ്‌തയ്‌വ്‌സ്‌കി ചോദിച്ചതുപോലെ.
പല പ്രമുഖ പുരുഷന്മാരും പ്രമുഖ വനിതകളും ഇന്ന് ഡൈ ചെയ്യുന്നുണ്ട്. ആരുടേയും പേര് ഞാനായിട്ടു പറയുന്നില്ല. രാഷ്ട്രീയക്കാരിൽ നരഭൂഷണമാക്കുന്നവരാണ് കൂടുതലും. സീനിയോരിറ്റി ഡിസ്‌പ്യൂട്ടാണല്ലോ എന്നും അവിടെ.
എന്തിനാണ് മനുഷ്യൻ ജരാനരകളെ ഇത്രമേൽ വെറുക്കുന്നത്?
നേരത്തെ ഉയർത്തിയ ചോദ്യം ഞാൻ ഒന്നുകൂടി പരിഷ്‌കരിക്കുന്നു. എന്നിട്ട് ഏവരുടേയും മൗനവിചാരത്തിനും വിചാരണയ്‌ക്കുമായി വിടുന്നു.
വാർദ്ധക്യം ഒരു കുറ്റമാണോ?
ഈസ് ഓൾഡേജ് എ ക്രൈം?

Comments